Wednesday, December 3, 2008

അതിര്‍ത്തിയിലെ കാവല്‍‍ നായ്ക്കള്‍

ഒരു ആവറേജ് മലയാളിക്ക് എല്ലാവരേയും പുച്ഛമാണ്.പുറത്തു പോയി നാല് കാശ് സമ്പാദിക്കുന്ന ഗള്‍ഫ്കാരനെ ,തമിഴ് നാട്ടില്‍ നിന്നും ബീഹാരില്‍ നിന്നും അഷ്ടിക്കു വക തേടി കേരളത്തിലെത്തുന്നവരെ,വലിയ ട്രങ്കും ഹോള്‍ഡോളുമായി നാട്ടില്‍ എത്തുന്ന പട്ടാളക്കാരനെ.
ഇപ്പോള്‍ ഇതാ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ് ചിതയിലെ ചൂടാറും മുന്‍പ് ഒരു സൈനികനേയും നമ്മള്‍ അപമാനിച്ചിരിക്കുന്നു.
ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര വ്യാപകമാകും മുന്‍പും മേജര്‍ രവി രണ്ടു സിനിമ പിടിക്കുന്നതിനു മുന്‍പും പട്ടാളക്കാരന്‍ ഉണ്ടായിരുന്നു.ഗള്‍ഫിലെ പണക്കൊഴുപ്പ് മലയാളിയുടെ സിരകളില്‍ വ്യാപിക്കും മുന്‍പ് ഒരുപാട് കുടുംബങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്നത് ദൂരെ ഫീല്‍ഡ് പോസ്റ്റ് ഓഫീസുകളില്‍ നിന്നും വന്ന മണി ഓര്‍ഡറുകളായിരുന്നു.
- പക്ഷെ നമ്മള്‍ ഒരിക്കലും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചിട്ടില്ല.ഈയുള്ളവന്റെ പതിനഞ്ചു വര്‍ഷത്തെ സര്‍വീസ്സ് ജീവിതത്തില്‍ ഒരിക്കലും നേരിട്ടുള്ള യുദ്ധത്തിന്റെ പരാക്രമങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ മുഴുവന്‍ യുദ്ധസന്നാഹങ്ങളുമായി റെഡ് അലര്‍ട്ടുകളിലൂടെ കടന്നു പോയിട്ടുണ്ട്.ഡെല്‍ഹിയിലും രാജസ്ഥാനിലും സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സുമംഗലികളായ സ്ത്രീകള്‍ ഒരു പരിചയവുമില്ലാത്ത പട്ടാളക്കാരെ ആരതി ഉഴിയുന്നതും ചുവന്ന കുങ്കുമം തൊടീക്കുന്നതും കണ്ട് കണ്ണു നിറഞ്ഞുട്ടുണ്ട്.പക്ഷെ നമ്മള്‍ അതിനെല്ലാം ഉപരി വേറൊരു തലത്തിലാണ്.
ഒരിക്കല്‍ ഞാനും ഒരു സഹപ്രവര്‍ത്തകനും ഡെല്‍ഹിയിലെ നിസാമുദ്ദിന്‍ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.കൂടെ ഇരുപത്തി അഞ്ചു പെട്ടി നിറയെ വടക്കു കിഴക്കന്‍ മേഘലയില്‍ ഒരു റഡാര്‍ സ്റ്റേഷന്‍ സര്‍വീസ് ചെയ്യാനുള്ള സ്പെയര്‍ പാര്‍ട്ട്സുകളും ഉണ്ട്.വന്ന കൂലികളെല്ലാം 500 രൂപയില്‍ കുറഞ്ഞ് കൈ വെക്കാന്‍ തയ്യാറല്ല.ഒടുക്കം സഹി കെട്ട് ഒരുത്തനെ വിളിച്ചു ഞാന്‍ പറഞ്ഞു.
‘ഭായ് , ഇത് ഞങ്ങള്‍ ...ഇലേക്കു കൊണ്ടു പോകുന്ന സാധനങ്ങള്‍ ആണ്’
“ഇതു അവിടെ എത്തിച്ചില്ലെങ്കില്‍ നാള ചീനന്മാര്‍ അതിര്‍ത്തി കടക്കുന്നത് നമ്മള്‍ അറിയുകയില്ല.“
അയാള്‍ പിന്നെ ഒരക്ഷരം പറയാതെ അതു മുഴുവന്‍ തീവണ്ടിയില്‍ കയറ്റി വച്ചു.ഞങ്ങള്‍ കൊടുത്ത കാശും വാങ്ങിച്ചു സലാം അടിച്ചിട്ട് പോയി.ഈ ഔചിത്യ ബോധം മലയാളിയില്‍ നിന്നും പ്രതീക്ഷിക്കാമോ ?

പട്ടാളക്കാരെ സ്നേഹിക്കുന്ന ഒരു രാഷ്ടീയക്കാരനെ കണ്ടത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ്.
സിയാച്ചിനിലില്‍ മൈനസ് ഡിഗ്രിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്ക് സമയത്തിനു കമ്പിളി പുതപ്പുകള്‍ എത്തുന്നില്ല.സൌത്ത് ബ്ലോക്കിന്റെ എതോ ഒരു മൂലയില്‍ ഉദ്യോഗസ്ഥര്‍ അതിനു മുകളില്‍ മുട്ടയിടാന്‍ ഇരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര‍ത്തിലുള്ള മിലിട്ടറി പോസ്റ്റുകളില്‍ ഒന്നാണ് ഇത്.മിക്കവാറും ടിന്നിലടച്ച ഭക്ഷണം , ഇരുപത്തി നാലു മണിക്കൂറും കണ്ണില്‍ കുത്തുന്ന സൂര്യവെളിച്ചം,വിരഹത്തിന്റെ വേദന.ഓക്സിജന്‍ കുറഞ്ഞ വായു,പോരാതെ ഇതും.
വിവരം അറിഞ്ഞപ്പോള്‍ അയഞ്ഞ പൈജാമയുടേയും കുര്‍ത്തയുടേയും മുകളില്‍ കട്ടികുപ്പായമിട്ട് മന്ത്രി തന്നെ പുറപ്പെട്ടു.പോയി തിരിച്ച് വന്നതിനു ശേഷം അന്നു നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവരുടെ കമ്പിളി ഉടുപ്പുകള്‍ തടഞ്ഞു വച്ച ഉദ്യോഗസ്ഥരെ ഒരു മാസത്തേയ്ക്ക് അവിടേക്ക് പറഞ്ഞു വിട്ടു,അവിടത്തെ കാര്യങ്ങള്‍ പഠിക്കാന്‍.അതിന് ശേഷം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ കാലം മുഴുവനും സിയാച്ചിനിലെ പട്ടാളക്കാര്‍ക്ക് സപ്ലേയുടെ കാര്യത്തില്‍ ഒരു മുട്ടും ഉണ്ടായില്ല.

ജീവനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്കിലും പ്രായോഗിക ബുദ്ധിയുള്ള രാഷ്ട്രീയക്കാരും നമുക്ക് ഉണ്ടായിരുന്നു എന്നു പറയുകയാണ് സര്‍.രാഷ്ട്രീയക്കാരെപ്പോലെ മുന്നില്‍ അണികളെ വിട്ട് പിന്നില്‍ നിന്നു പ്രസംഗിക്കയും , അടി വരുമ്പോള്‍ ഓടുകയും ചെയ്യാതെ അനുയായികളെ മുന്‍‌നിരയില്‍ നിന്നും നയിക്കുകയും അവ്ര്ക്കും രാജ്യത്തിനും വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയും ചെയ്യുന്ന സൈനിക ഓഫീസര്‍മാരെ നമുക്ക് വെറുതെ വിടാം. അനുമോദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാം.

വികാരം അടക്കി വിചാരമനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ പഠിപ്പിച്ചിരുന്നെങ്കിലും ഇത്രയും എഴുതിയില്ലെങ്കില്‍ വളര്‍ത്തി വലുതാക്കി സ്വയം ജീവിക്കാന്‍ പ്രാപത്നാക്കിയ സേനയോട് ചെയ്യുന്ന നന്ദികേടാവുമെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.

Soldier, rest! thy warfare o'er,
Dream of fighting fields no more:
Sleep the sleep that knows not breaking,
Morn of toll, nor night of waking.
- Sir Walter Scott

33 comments:

മുസാഫിര്‍ said...

ജീവനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്കിലും പ്രായോഗിക ബുദ്ധിയുള്ള രാഷ്ട്രീയക്കാരും നമുക്ക് ഉണ്ടായിരുന്നു എന്നു പറയുകയാണ് സര്‍.രാഷ്ട്രീയക്കാരെപ്പോലെ മുന്നില്‍ അണികളെ വിടുകയും പിന്നില്‍ നിന്നു പ്രസംഗിക്കയും , അടി വരുമ്പോള്‍ ഓടുകയും ചെയ്യാതെ അനുയായികളെ മുന്‍‌നിരയില്‍ നിന്നും നയിക്കുകയും അവ്ര്ക്കും രാജ്യത്തിനും വേണ്ടി....

മഴത്തുള്ളി said...

മുസാഫിര്‍,

രാജ്യത്തിന്റെ അതിരുകള്‍ കാത്തുസംരക്ഷിക്കുന്ന പട്ടാളക്കാരെക്കുറിച്ച് വൈകാരികമായി എഴുതിയ ഈ പോസ്റ്റ് വളരെ അവസരോചിതം തന്നെ.

എന്തിലും ഏതിലും രാഷ്ട്രീയമാണല്ലോ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. ജീവന്‍ പണയം വച്ച് ജനങ്ങളെ സംരക്ഷിക്കുന്ന സൈനികരെ അവര്‍ മരിച്ചതിനു ശേഷവും രണ്ടു പക്ഷമായി നിന്ന് അധിക്ഷേപിക്കുന്നത് എന്തായാലും വളരെ മോശം.

keralafarmer said...

സുഹൃത്തേ വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 1971 -ല്‍ യുദ്ധസമയത്ത് ഞാന്‍ ജലന്ധറില്‍ ഉണ്ടായിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്ന് മിസൈല്‍ ഗൈഡിംഗില്‍ പരിശീലനം കഴിഞ്ഞ് ആസ്സാമിലെ തേജ്പൂരില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ യൂണിറ്റ് പഞ്ചാബിലേക്ക് തിരിച്ചു കഴിഞ്ഞു. അവിടെ നിന്ന് ട്രയില്‍ മാര്‍ഗം ജലന്ധറിലെത്തുന്നതുവരെ റിസര്‍വേഷനില്ലാതെ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ കിടന്നുറങ്ങുവാന്‍ സീറ്റും വയറുനിറയെ ഓരോ സ്റ്റേഷനിലെത്തുമ്പോഴും സ്വാദിഷ്ടമായ ആഹാരവും ആരത്തി ഉഴിച്ചിലും കുങ്കുമം തൊടലും ആശീര്‍വദിക്കലുമായി സൈനികരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍. ഒരു യുദ്ധം എന്തെന്നറിയാത്ത കേരളീയന് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. മലയാളിക്ക് തിമിരം കണ്ണിന് മാത്രമല്ല വായ്ക്കും മനസിനും ബാധിച്ചു. അതിന് മരുന്നില്ല. യുദ്ധ സമയത്ത് ധാരാളം സൈനികരടങ്ങിയ പട്ടാള യൂണിറ്റിനെ നയിക്കുന്ന ഒരു ഓഫീസറെ അപമാനിക്കുമ്പോള്‍ സൈന്യത്തില്‍ യൌവ്വനം മുഴുവന്‍ ഉണ്ടചോറിന് നന്ദികാണിക്കാതിരിക്കാന്‍ കഴിയില്ല. വീര മൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മാനസിക നില മനസിലാക്കാതെ അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഓരോ വാക്കും സൈനികര്‍ക്ക് അപമാനമാണ്.
മുംബൈയില്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്തി ഭീകരരെ സഹായിക്കുകയും കൊല്ലേണ്ട തലകള്‍ കാട്ടിക്കൊടുക്കുകയും ചെയ്ത മീഡിയകള്‍ക്കെതിരെയും എന്റെ അമര്‍ഷം ഇവിടെ രേഖപ്പെടുത്തുന്നു. ക്യാമറയുമായി അണിനിരന്നവര്‍ക്കൊപ്പം ഭീകരരുടെ ഏജന്റുമാരും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
അതിര്‍ത്തി കാക്കുന്ന കാവല്‍ നായ്കള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു പോസ്റ്റിട്ട മുസാഫിറിന് എന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു.

Appu Adyakshari said...

മുസാഫിര്‍ജി, അവസരോചിതമായ പോസ്റ്റ്. സൈനികരെ ബഹുമാനിക്കുവാന്‍ കേരള‌ജനത ഇനിയും പഠിക്കേണ്ടിരിയിരിക്കുന്നു. ഒപ്പം ഈ സംസ്കാരമില്ലാത്ത മാധ്യമങ്ങള്‍ക്ക് ഒരു സംസ്കാരം ഉണ്ടാക്കാനും.

ചന്ദ്രകാന്തം said...

മാധ്യമങ്ങള്‍ക്ക്‌ ചാകര. അവരല്ലേ ഇക്കാലത്ത്‌ വിലയുണ്ടാക്കുന്നതും വിലയിടിയ്ക്കുന്നതും.
എല്ലാ കാട്ടിക്കൂട്ടലുകള്‍ക്കും മീതെ.......ഒരു "ദു:ഖാചരണം". അതില്‍ തീര്‍ന്നു.

അനൂപ് അമ്പലപ്പുഴ said...

Etharam oru nethavinte keezhil jeevikkendi vannathil njan lajjikkunnu.

Durga said...

oru pattalakkarante pettiyum meesayum nokki parihasikunnathil ninnu saraasari malayali uyarendiyirikkunnu..i have put my views as well..
http://durgahere.blogspot.com/

krish | കൃഷ് said...

മുസാഫിര്‍, നന്നായി ഈ പോസ്റ്റ്.
പല ആപല്‍ഘട്ടങ്ങളിലും സഹായവുമായി ഓടിയെത്തുന്നവരാണ് പട്ടാളക്കാര്‍. വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് പ്രകൃതിദുരന്തങ്ങള്‍, വലിയ ക്രമസമാധാനപ്രശ്നങ്ങള്‍ തുടങ്ങിയവ. യാത്ര ചെയ്യുമ്പോള്‍ ചിലയിടങ്ങളില്‍ സുരക്ഷാകാരണങ്ങളാല്‍ ചെക്കിംഗ് ഉണ്ടാവുമെങ്കിലും കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തവരല്ല അവര്‍. നമ്മുടെ നാട്ടിന്‍പുറത്ത് പട്ടാളക്കാര്‍ എന്നാല്‍ കെട്ടും ഭാണ്ഡവും കള്ള് കുപ്പികളുമായി വന്ന് പട്ടാളപൊങ്ങച്ച കഥകള്‍ വിളമ്പുന്നവരായി മാത്രമാണ് കാണുന്നത്. പ്രതികൂലകാലാവസ്ഥയിലും പരിമിതസൌകര്യങ്ങളിലും രാജ്യത്തിനുവേണ്ടി ജീവന്‍ പണയപ്പെടുത്തി ജവാന്മാര്‍ കൃത്യം ചെയ്യുന്നത്, മനസ്സിലാക്കുന്നവര്‍ കുറവാണ്. അവരെ അനുമോദിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന പക്ഷക്കാരനാണ് ഞാനും.

ജ്യോതീബായ് പരിയാടത്ത് said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത് said...

വിശ്രമം കൊള്ളുക, ധീരനാം സൈനിക! യുദ്ധങ്ങളൊക്കെക്കഴിഞ്ഞൂപോയ്‌ ;ഇല്ലിനി
നിന്‍ കിനാവില്‍പടഹമുയരുമാ പടനിലം മരണമണിയൊച്ചകേട്ടുണരുമാ പുലരികള്‍
പകുതിയിലുറക്കം മുറിഞ്ഞൊരാ രാത്രികള്‍
ഇനിയില്ല നിദ്രയില്‍ ,ആ നിദ്രയാളുക!!

Thanks Musafir.

വേണു venu said...

മുസാഫിര്‍,അവസരോചിതം.
മനസ്സ് നൊന്തെഴുതിയ ഒരു പോസ്റ്റ്.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്‍റെ, ഉള്ള്ക‍ള്ളികളിലേ വിഷം മനസ്സിലാക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. അത് പുറത്ത് കൊണ്ട് വരാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിച്ചിരുന്നെങ്കില്‍.

Anil cheleri kumaran said...

ഏറെ കാര്യങ്ങള്‍ പറഞ്ഞു തന്നു ഒപ്പം കേരളത്തിന്റെ മുഖം മൂടി പിച്ചിചീന്തുകയും ചെയ്തു. ഒത്തിരി നന്ദി ഈ പോസ്റ്റിന്.

സുല്‍ |Sul said...

മുസാഫിര്‍

അവസരോചിതമായ പോസ്റ്റ്. എഴുതേണ്ടവര്‍ തന്നെ എഴുതുമ്പോള്‍ അതിന് മാറ്റ് കൂടും.

മുംബൈ ഓപറേഷനു തുരങ്കം വച്ച മാധ്യമ വാഴ്ച അവസാനിക്കുനതെന്ന്. യുദ്ധം കാണിക്കുന്നതിനിടയിലും പരസ്യവരുമാനം കുറയാതിരിക്കാന്‍ ശ്രമിക്കുന്നവര്‍, റേറ്റിംഗ താഴാതിരിക്കാന്‍ ആവശ്യമില്ലാത്ത കാട്ടിക്കൂട്ടലുകള്‍ പൊതുജനത്തിനെത്തിക്കുന്നവര്‍... എന്തു ചെയ്യാനാവും?

-സുല്‍

chithrakaran ചിത്രകാരന്‍ said...

മലയാളിയുടെ പൊള്ളയായ മുഖം നമ്മുടെ ശാപം തന്നെയാണ്. മുന്‍പ് ബ്രാഹ്മണ്യമാണ് അവരെ ഈ വിധമാക്കിയത്. ഇന്ന് പത്രമാധ്യമങ്ങള്‍ നവ ബ്രാഹ്മണ്യമായി കൊലച്ചോറില്‍ മയക്കുമരുന്നു ചേര്‍ത്ത് അടിമത്ത്വം ആനന്ദകരമായ അനുഭൂതിയാക്കിത്തരുന്നു.

ഈ അനുഭവ സാക്ഷ്യം ഉചിതമായി.
രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പോരാടുന്ന സേനാഗങ്ങളോട് ചിത്രകാരന്റെ ഒരോ നിമിഷവും
കടപ്പെട്ടിരിക്കുന്നു.
നന്ദി.സുഹൃത്തേ,നന്ദി.

Inji Pennu said...

നന്ദി മുസാഫിര്‍. ഇനിയും എഴുതൂ.

Mr. K# said...

എഴുതിയത് നന്നായി മുസാഫിര്‍.

ശ്രീവല്ലഭന്‍. said...

എഴുത്തിന് നന്ദി മുസാഫിര്‍. കുടുമ്മത്ത് എയര്‍ഫോഴ്സ്കാരന്‍ ഉള്ളതിനാല്‍ മനസ്സിലാക്കുന്നു.

മുസാഫിര്‍ said...

മഴത്തുള്ളി,
നന്ദി ആദ്യത്തെ കമന്റിനു.
ചന്ദ്രേട്ടന്‍.അനുഭവങ്ങള്‍ പങ്കു വെച്ചതിനും സപ്പോര്‍ട്ടിനും നന്ദി.ചന്ദ്രേട്ടന്‍ കണ്ട പോലെയൊന്നും ഞാന്‍ കണ്‍ടിട്ടില്ല.എന്നാലും.
അപ്പു.ശരിയാണ്.മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ 9 പിന്ചു കുഞ്ഞുഞ്ഞളുടെ മൃതശരീരംകിട്ടിയല്ലോ കൊണ്ടാടാന്‍.കഷ്ടം.
ചന്ദ്രകാന്തം.അതെ.
അനൂപ്.ഞാനും
ദുര്‍ഗ്ഗ,വിചാരങ്ങള്‍ മനസ്സിലാക്കാം, വേറൊരു തലത്തില്‍ നിന്ന് എന്നും തൊട്ടറിയുന്നതല്ലേ ?

Sarija Sivakumar said...

മുസാഫിര്‍,
യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും നമ്മെ അധികം വേട്ടയാടാറില്ല. അതുകൊണ്ട് തന്നെ ഒരു പട്ടാ‍ളക്കാരന്‍റെ വില മനസ്സിലാക്കാന്‍ മലയാളി ഇനിയും വൈകും. ചാനലുകള്‍ മാറിമാറിക്കണ്ട് കമാന്‍റോ ഓപ്പറേഷന്‍സിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരിക്കലെങ്കിലും സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഒരാളെ രക്ഷിക്കാന്‍ പറ്റുമോ? ഇല്ല, ഒരിക്കലുമില്ല. തണുപ്പിലും ഇരുട്ടിലും ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഓരോ പട്ടാളക്കാരനും വേണ്ടി ഒരു നിശബ്ദ പ്രാര്‍ത്ഥന, അതെപ്പോഴും മനസ്സില്‍ ഉണ്ടാകണം എന്ന നിശ്ചയത്തോടെ , നന്ദി

പി.ആര്‍.രഘുനാഥ് said...

sainikare vandhichillenkilum nindhikkaruthu. Nalla post.

മുസാഫിര്‍ said...

കൃഷ്,
ശരിയാണ് ദൈവത്തെയും പട്ടാളക്കാരനേയും ബുദ്ധിമുട്ടുകളില്‍ ഓര്‍ക്കുകയും പിന്നെ മറന്നുകളയുകയും ചെയ്യുന്നു എന്നു ഒരു പഴഞ്ചൊല്ല് ഉണ്ട്.
ജ്യോതിബായ്,
വിവര്‍ത്തനം ഒറിജിനലിന്റെ സത്ത ഉള്‍ക്കൊണ്ട് തന്നെ ആയി.നന്ദി.
വേണു ജി, ശരിയാണ്.പക്ഷെ ,‘മ’ ചാനലുകള്‍ക്ക് അതിനൊക്കെ എവിടെയാണ് നേരം ?
സുല്‍,നന്ദി വികാരം മനസ്സിലാക്കിയല്ലോ.
ചിത്രകാരന്‍,ഇഞ്ചി,നന്ദി വന്നതിനും അഭിപ്രായത്തിനും.
കുതിരവട്ടന്‍.നന്ദി.
ശ്രീ വല്ലഭന്‍.ഉം.ശരിയാണ്

ഭൂമിപുത്രി said...

ഇവിടെയെത്താൻ വൈകി.
മലയാളിയ്ക്ക് സ്വയം അവജ്ഞ തോന്നേണ്ട സത്യങ്ങളാണിതൊക്കെ.
എ.കെ.ആന്റണി നമ്മുടെ ജവന്മാരുടെ ലീവ് വർദ്ധിപ്പിയ്ക്കുന്നതടക്കം അവർക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട് എന്നതിൽ അല്പം നമുക്കഭിമാനിയ്ക്കാൻ വകയുണ്ട്

മുസാഫിര്‍ said...

ഭൂമിപുത്രി,നന്ദി.അതെ അന്തോണിച്ചായന്‍ എന്തോക്കെയോ ചെയ്യുന്നുണ്ട്.

ശ്രീ said...

കുറച്ചു വൈകിയാണ് മാഷേ ഇവിടെ വന്നെത്തിയത്. പക്ഷേ വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ എന്ന് ഇപ്പോള്‍ തോന്നുന്നു. വായനയ്ക്കിടെ അറിയാതെ കണ്ണും മനസ്സും നനയുന്നു...

Unknown said...

മുസാഫിര്‍,

അധികം എഴുതുന്നില്ല.
എണീറ്റ് നിന്ന് ഇതാ‍ ഒരു സല്യൂട്ട്!

poor-me/പാവം-ഞാന്‍ said...

Never minding soldier,
Salutes

ശ്രീലാല്‍ said...

Better late than never to read such a good post !

OT: മുസാഫിർ എന്ന് കേട്ടപ്പോൾ ഹാരിസ് ആയിരുന്നു എന്റെ മനസ്സിൽ :) ക്ഷമിക്കൂ.

shajkumar said...

കാക്കി കണ്ടിട്ട്‌ പോലീസ്‌ കാക്കി പോലെ (കേരളമാണെങ്കില്‍ ആള്‍ക്കാറ്‍ക്കു തിളക്കും ചോര ഞരംബുകളില്‍)അല്ലെങ്കിലൊ ചൊന്നതെല്ലാമേ സത്യം. കാള വണ്ടി ചാടു മനസ്സില്‍ ഉണ്ടായിരുന്നു...പടം കണ്ടപ്പോള്‍ ഓര്‍തു...പ്രൊല്‍-സഹനത്തിനു ആയിരം നന്ദി.

മുസാഫിര്‍ said...

ശ്രീ,വൈകിയിട്ടായലും വന്നതിന് നന്ദി.
ശശിയേട്ടന്‍.തിരിച്ചും തന്നിരിക്കുന്നു.
പാവം ഞാന്‍ . thanks and the salute is returned with respect .

ശ്രീലാല്‍ : കുഴപ്പമില്ല. ഏതായാലും പരിചയമായില്ലെ,അടുത്ത പ്രാവശ്യം വരുമ്പോള്‍ ധൈര്യമായി വിളിക്കാലോ.
ഷാജ്കുമാര്‍. 92 വരെ വേനല്‍ക്കാലത്ത് കാ‍ക്കിയും തണുപ്പ് കാലത്ത് നീലയും ആയിരുന്നു എയര്‍ഫോഴ്സിലെ യൂണിഫോമിന്റെ നിറം.ഇപ്പോള്‍ രണ്ടു സമയത്തും നീല തന്നെ . തുണിയില്‍ മാത്രം വ്യത്യാസം.

smitha adharsh said...

വരാന്‍ ഒരുപാടു വൈകിപ്പോയി..മനസ്സില്‍ തട്ടി..ഒരുപാട്..

Unknown said...

my salute to all soldiers....
especially..sandeep & george fernandass

Unknown said...

naan oru pravaasi yaanu,pala rajyngalilum pala bhasha samsaarikkunnavareyum naan kandittund companyude CEO muthal thaazhe labor ne vare kaliyaakki chirikkanum kuttangal kandethi parihasikkaanum ithrayum midukkum shushkaanthiyum kaanikkunnathil malayalikale pole mattaaraa ullathu

my salute to all soldiers.

RAGHU MENON said...

ഒരു മുന്‍ വ്യോമസേന അംഗം ആയ എനിക്ക് താങ്കളുടെ എഴുത്ത് വളരെ ഹൃദ്യമായി തോന്നി - മുന്‍ സൈനികരായിരുന്ന പഴയ
പല എഴുത്തുകാരും, സൈന്യത്തിലെ സാധാരണ പട്ടാളക്കാരെയും,പട്ടാള ജീവിതത്തെയും,കുറിച്ച്,പരിധി വിട്ട, ഒരു 'സ്ലാപ് സ്റ്റിക്ക്' അപ്രോച്ചിലാണ് കൈകാര്യം ചെയ്തിരുന്നത് (മേജര്‍. രവിയുടെ വരവിനു മുന്‍പ്)
നന്ദനാരുടെയും കോവിലന്റെയും പാറപ്പുറത്തിന്റെയും കഥകള്‍
വായിച്ചു ഇക്കാര്യത്തില്‍ രോഷം കൊണ്ടിട്ടുണ്ട് ഞാന്‍ - മുന്‍ മുന്‍ സൈനികരില്‍ നിന്ന്, പൊതു ജനങ്ങള്‍ക്ക്‌, സൈന്യത്തെ കുറിച്ച് വിജ്ഞാനപ്രദവും,ദേശ സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്നതുമായ നല്ല എഴുത്തുകാര്‍ ഉണ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
നല്ല പ്രതിപാദന രീതി .
ബ്ലോഗില്‍, ഞാന്‍ ഒരു കന്നി അയ്യപ്പനാണ് - ഞാനും ചില മുന്‍കാല
സൈനികാനുഭവങ്ങള്‍ എന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു
സാദരം ക്ഷണിക്കുന്നു. ഇനിയും എഴുതുക, വിമുക്ത ഭടന്‍ എന്നാല്‍
മലയാളം മാധ്യമങ്ങളില്‍ കൂടി ചിത്രീകരിക്കപ്പെട്ട
സര്‍വ നേരവും വെള്ളം അടിച്ചു, ഒരു തോക്കും പിടിച്ചു,മീശയും പിരിച്ചു, നാട്ടിലെ, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ പ്രശനങ്ങളിലും തലയിട്ടു, വെടക്കാക്കുന്ന ഒരു ജീവി അല്ല എന്ന് ലോകം അറിയണം എങ്കില്‍, നിങ്ങളെ പോലുള്ള, മുന്‍ സൈകരായ എഴുത്തുകാര്‍ മുന്നോട്ടു വരണം .
എല്ലാ ഭാവുകങ്ങളും -