ഒരു ആവറേജ് മലയാളിക്ക് എല്ലാവരേയും പുച്ഛമാണ്.പുറത്തു പോയി നാല് കാശ് സമ്പാദിക്കുന്ന ഗള്‍ഫ്കാരനെ ,തമിഴ് നാട്ടില്‍ നിന്നും ബീഹാരില് നിന്നും അഷ്ടിക്കു വക തേടി കേരളത്തിലെത്തുന്നവരെ,വലിയ ട്രങ്കും ഹോള്‍ഡോളുമായി നാട്ടില്‍ എത്തുന്ന പട്ടാളക്കാരനെ.
ഇപ്പോള്‍ ഇതാ രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ് ചിതയിലെ ചൂടാറും മുന്‍പ് ഒരു സൈനികനേയും നമ്മള് അപമാനിച്ചിരിക്കുന്നു.
ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര വ്യാപകമാകും മുന്‍പും മേജര്‍ രവി രണ്ടു സിനിമ പിടിക്കുന്നതിനു മുന്‍പും പട്ടാളക്കാരന് ഉണ്ടായിരുന്നു.ഗള്‍ഫിലെ പണക്കൊഴുപ്പ് മലയാളിയുടെ സിരകളില്‍ വ്യാപിക്കും മുന്‍പ് ഒരുപാട് കുടുംബങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്നത് ദൂരെ ഫീല്‍ഡ് പോസ്റ്റ് ഓഫീസുകളില്‍ നിന്നും വന്ന മണി ഓര്‍ഡറുകളായിരുന്നു.
- പക്ഷെ നമ്മള് ഒരിക്കലും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചിട്ടില്ല.ഈയുള്ളവന്റെ പതിനഞ്ചു വര്‍ഷത്തെ സര്‍വീസ്സ് ജീവിതത്തില്‍ ഒരിക്കലും നേരിട്ടുള്ള യുദ്ധത്തിന്റെ പരാക്രമങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ മുഴുവന്‍ യുദ്ധസന്നാഹങ്ങളുമായി റെഡ് അലര്‍ട്ടുകളിലൂടെ കടന്നു പോയിട്ടുണ്ട്.ഡെല്‍ഹിയിലും രാജസ്ഥാനിലും സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സുമംഗലികളായ സ്ത്രീകള്‍ ഒരു പരിചയവുമില്ലാത്ത പട്ടാളക്കാരെ ആരതി ഉഴിയുന്നതും ചുവന്ന കുങ്കുമം തൊടീക്കുന്നതും കണ്ട് കണ്ണു നിറഞ്ഞുട്ടുണ്ട്.പക്ഷെ നമ്മള് അതിനെല്ലാം ഉപരി വേറൊരു തലത്തിലാണ്.
ഒരിക്കല്‍ ഞാനും ഒരു സഹപ്രവര്‍ത്തകനും ഡെല്‍ഹിയിലെ നിസാമുദ്ദിന് സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.കൂടെ ഇരുപത്തി അഞ്ചു പെട്ടി നിറയെ വടക്കു കിഴക്കന്‍ മേഘലയില്‍ ഒരു റഡാര്‍ സ്റ്റേഷന് സര്‍വീസ് ചെയ്യാനുള്ള സ്പെയര്‍ പാര്‍ട്ട്സുകളും ഉണ്ട്.വന്ന കൂലികളെല്ലാം 500 രൂപയില്‍ കുറഞ്ഞ് കൈ വെക്കാന്‍ തയ്യാറല്ല.ഒടുക്കം സഹി കെട്ട് ഒരുത്തനെ വിളിച്ചു ഞാന്‍ പറഞ്ഞു.
‘ഭായ് , ഇത് ഞങ്ങള്‍ ...ഇലേക്കു കൊണ്ടു പോകുന്ന സാധനങ്ങള്‍ ആണ്’
“ഇതു അവിടെ എത്തിച്ചില്ലെങ്കില്‍ നാള ചീനന്മാര് അതിര്‍ത്തി കടക്കുന്നത് നമ്മള് അറിയുകയില്ല.“
അയാള്‍ പിന്നെ ഒരക്ഷരം പറയാതെ അതു മുഴുവന്‍ തീവണ്ടിയില്‍ കയറ്റി വച്ചു.ഞങ്ങള്‍ കൊടുത്ത കാശും വാങ്ങിച്ചു സലാം അടിച്ചിട്ട് പോയി.ഈ ഔചിത്യ ബോധം മലയാളിയില്‍ നിന്നും പ്രതീക്ഷിക്കാമോ ?
പട്ടാളക്കാരെ സ്നേഹിക്കുന്ന ഒരു രാഷ്ടീയക്കാരനെ കണ്ടത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ്.
സിയാച്ചിനിലില്‍ മൈനസ് ഡിഗ്രിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്ക് സമയത്തിനു കമ്പിളി പുതപ്പുകള്‍ എത്തുന്നില്ല.സൌത്ത് ബ്ലോക്കിന്റെ എതോ ഒരു മൂലയില്‍ ഉദ്യോഗസ്ഥര്‍ അതിനു മുകളില്‍ മുട്ടയിടാന്‍ ഇരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മിലിട്ടറി പോസ്റ്റുകളില്‍ ഒന്നാണ് ഇത്.മിക്കവാറും ടിന്നിലടച്ച ഭക്ഷണം , ഇരുപത്തി നാലു മണിക്കൂറും കണ്ണില്‍ കുത്തുന്ന സൂര്യവെളിച്ചം,വിരഹത്തിന്റെ വേദന.ഓക്സിജന്‍ കുറഞ്ഞ വായു,പോരാതെ ഇതും.
വിവരം അറിഞ്ഞപ്പോള്‍ അയഞ്ഞ പൈജാമയുടേയും കുര്‍ത്തയുടേയും മുകളില്‍ കട്ടികുപ്പായമിട്ട് മന്ത്രി തന്നെ പുറപ്പെട്ടു.പോയി തിരിച്ച് വന്നതിനു ശേഷം അന്നു നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവരുടെ കമ്പിളി ഉടുപ്പുകള്‍ തടഞ്ഞു വച്ച ഉദ്യോഗസ്ഥരെ ഒരു മാസത്തേയ്ക്ക് അവിടേക്ക് പറഞ്ഞു വിട്ടു,അവിടത്തെ കാര്യങ്ങള്‍ പഠിക്കാന്‍.അതിന് ശേഷം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ കാലം മുഴുവനും സിയാച്ചിനിലെ പട്ടാളക്കാര്‍ക്ക് സപ്ലേയുടെ കാര്യത്തില്‍ ഒരു മുട്ടും ഉണ്ടായില്ല.
ജീവനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്കിലും പ്രായോഗിക ബുദ്ധിയുള്ള രാഷ്ട്രീയക്കാരും നമുക്ക് ഉണ്ടായിരുന്നു എന്നു പറയുകയാണ് സര്.രാഷ്ട്രീയക്കാരെപ്പോലെ മുന്നില്‍ അണികളെ വിട്ട് പിന്നില്‍ നിന്നു പ്രസംഗിക്കയും , അടി വരുമ്പോള്‍ ഓടുകയും ചെയ്യാതെ അനുയായികളെ മുന്‍നിരയില്‍ നിന്നും നയിക്കുകയും അവ്ര്ക്കും രാജ്യത്തിനും വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയും ചെയ്യുന്ന സൈനിക ഓഫീസര്‍മാരെ നമുക്ക് വെറുതെ വിടാം. അനുമോദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാം.
വികാരം അടക്കി വിചാരമനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ പഠിപ്പിച്ചിരുന്നെങ്കിലും ഇത്രയും എഴുതിയില്ലെങ്കില്‍ വളര്‍ത്തി വലുതാക്കി സ്വയം ജീവിക്കാന്‍ പ്രാപത്നാക്കിയ സേനയോട് ചെയ്യുന്ന നന്ദികേടാവുമെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
Soldier, rest! thy warfare o'er,
Dream of fighting fields no more:
Sleep the sleep that knows not breaking,
Morn of toll, nor night of waking.
- Sir Walter Scott