Sunday, December 28, 2008

അവസാനത്തെ യാത്ര.

ജീവിതത്തെ അനുകരിക്കുന്ന സിനിമ ഒരു പുതു കാഴ്ചയേയല്ല.കുരുക്ഷേത്രയില്‍ ബിജുമേനൊന്‍ അഭിനയിക്കുന്ന മേജര്‍ രാജേഷിന്റെ മൃതദേഹത്തെ അനുഗമിക്കുന്ന ദു:ഖിതയായ , യൂണിഫോമിലുള്ള ഭാര്യയെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.‘ഒരു യാത്രാമൊഴിയോടെ വിടവാങ്ങും നിറ സന്ധ്യേ ‘ എന്ന ശോകഗാനത്തിന്റെ അകമ്പടിയോടെയാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
അതു പോലെ ഒരു സീന്‍ താഴെ.
പക്ഷെ ഇതു യഥാര്‍ഥ ജീവിതമാണെന്നു മാത്രം.

ത്രിവര്‍ണ്ണത്തില്‍ പൊതിഞ്ഞ് സഹപ്രവര്‍ത്തകര്‍ ചുമക്കുന്നത് : ഫ്ലൈറ്റ് ലെഫ്റ്റനന്റ് റൊനാണ്‍ള്‍ഡ് കെവിന്‍ സെരാവോവിനെ
ജോലി : ഫ്ലയിങ്ങ് പൈലറ്റ്,ഭരതീയ വ്യോമസേന.
വയസ്സ് : 26
അച്ഛന്‍ : ലെഫ്റ്റനന്റ് കേണല്‍ ജോണ്‍ സെരാവോ
സ്വദേശം : മാംഗലൂര്‍.
മരണ കാരണം :പറപ്പിച്ചിരുന്ന ജഗ്വാര്‍ യുദ്ധവിമാനം പറന്ന് പൊന്തിയ ഉടനെ പൊട്ടിത്തെറിച്ചത്.
ദിവസം : 18 ജനുവരി 2007.
മുന്നില്‍ നടക്കുന്നത് ഭാര്യ ഫ്ലൈറ്റ് ലഫ്റ്റനന്റ് ദീപിക ( ഫ്ലൈയിങ്ങ് പൈലറ്റ് ).
ഔദ്യോദിക ചടങ്ങിന്റെ ചട്ടക്കൂട്ടിലായതു കൊണ്ട് ഉറഞ്ഞു കൂടിയ ദു:ഖം മുഖത്ത് നിന്നും മറയ്ക്കാന്‍ ഒരു വിഫല ശ്രമം നടത്തുന്നുണ്ട് അവര്‍.




പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .





നഭ:സ്പര്‍ശം ദീപ്തം.(Touch the sky with glory) .വ്യോമസേനയുടെ മോട്ടോ.








ചിത്രങ്ങള്‍ക്ക് കടപ്പാട് :
www.daijiworld.com

Wednesday, December 3, 2008

അതിര്‍ത്തിയിലെ കാവല്‍‍ നായ്ക്കള്‍

ഒരു ആവറേജ് മലയാളിക്ക് എല്ലാവരേയും പുച്ഛമാണ്.പുറത്തു പോയി നാല് കാശ് സമ്പാദിക്കുന്ന ഗള്‍ഫ്കാരനെ ,തമിഴ് നാട്ടില്‍ നിന്നും ബീഹാരില്‍ നിന്നും അഷ്ടിക്കു വക തേടി കേരളത്തിലെത്തുന്നവരെ,വലിയ ട്രങ്കും ഹോള്‍ഡോളുമായി നാട്ടില്‍ എത്തുന്ന പട്ടാളക്കാരനെ.
ഇപ്പോള്‍ ഇതാ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ് ചിതയിലെ ചൂടാറും മുന്‍പ് ഒരു സൈനികനേയും നമ്മള്‍ അപമാനിച്ചിരിക്കുന്നു.
ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര വ്യാപകമാകും മുന്‍പും മേജര്‍ രവി രണ്ടു സിനിമ പിടിക്കുന്നതിനു മുന്‍പും പട്ടാളക്കാരന്‍ ഉണ്ടായിരുന്നു.ഗള്‍ഫിലെ പണക്കൊഴുപ്പ് മലയാളിയുടെ സിരകളില്‍ വ്യാപിക്കും മുന്‍പ് ഒരുപാട് കുടുംബങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്നത് ദൂരെ ഫീല്‍ഡ് പോസ്റ്റ് ഓഫീസുകളില്‍ നിന്നും വന്ന മണി ഓര്‍ഡറുകളായിരുന്നു.
- പക്ഷെ നമ്മള്‍ ഒരിക്കലും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചിട്ടില്ല.ഈയുള്ളവന്റെ പതിനഞ്ചു വര്‍ഷത്തെ സര്‍വീസ്സ് ജീവിതത്തില്‍ ഒരിക്കലും നേരിട്ടുള്ള യുദ്ധത്തിന്റെ പരാക്രമങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ മുഴുവന്‍ യുദ്ധസന്നാഹങ്ങളുമായി റെഡ് അലര്‍ട്ടുകളിലൂടെ കടന്നു പോയിട്ടുണ്ട്.ഡെല്‍ഹിയിലും രാജസ്ഥാനിലും സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സുമംഗലികളായ സ്ത്രീകള്‍ ഒരു പരിചയവുമില്ലാത്ത പട്ടാളക്കാരെ ആരതി ഉഴിയുന്നതും ചുവന്ന കുങ്കുമം തൊടീക്കുന്നതും കണ്ട് കണ്ണു നിറഞ്ഞുട്ടുണ്ട്.പക്ഷെ നമ്മള്‍ അതിനെല്ലാം ഉപരി വേറൊരു തലത്തിലാണ്.
ഒരിക്കല്‍ ഞാനും ഒരു സഹപ്രവര്‍ത്തകനും ഡെല്‍ഹിയിലെ നിസാമുദ്ദിന്‍ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.കൂടെ ഇരുപത്തി അഞ്ചു പെട്ടി നിറയെ വടക്കു കിഴക്കന്‍ മേഘലയില്‍ ഒരു റഡാര്‍ സ്റ്റേഷന്‍ സര്‍വീസ് ചെയ്യാനുള്ള സ്പെയര്‍ പാര്‍ട്ട്സുകളും ഉണ്ട്.വന്ന കൂലികളെല്ലാം 500 രൂപയില്‍ കുറഞ്ഞ് കൈ വെക്കാന്‍ തയ്യാറല്ല.ഒടുക്കം സഹി കെട്ട് ഒരുത്തനെ വിളിച്ചു ഞാന്‍ പറഞ്ഞു.
‘ഭായ് , ഇത് ഞങ്ങള്‍ ...ഇലേക്കു കൊണ്ടു പോകുന്ന സാധനങ്ങള്‍ ആണ്’
“ഇതു അവിടെ എത്തിച്ചില്ലെങ്കില്‍ നാള ചീനന്മാര്‍ അതിര്‍ത്തി കടക്കുന്നത് നമ്മള്‍ അറിയുകയില്ല.“
അയാള്‍ പിന്നെ ഒരക്ഷരം പറയാതെ അതു മുഴുവന്‍ തീവണ്ടിയില്‍ കയറ്റി വച്ചു.ഞങ്ങള്‍ കൊടുത്ത കാശും വാങ്ങിച്ചു സലാം അടിച്ചിട്ട് പോയി.ഈ ഔചിത്യ ബോധം മലയാളിയില്‍ നിന്നും പ്രതീക്ഷിക്കാമോ ?

പട്ടാളക്കാരെ സ്നേഹിക്കുന്ന ഒരു രാഷ്ടീയക്കാരനെ കണ്ടത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ്.
സിയാച്ചിനിലില്‍ മൈനസ് ഡിഗ്രിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്ക് സമയത്തിനു കമ്പിളി പുതപ്പുകള്‍ എത്തുന്നില്ല.സൌത്ത് ബ്ലോക്കിന്റെ എതോ ഒരു മൂലയില്‍ ഉദ്യോഗസ്ഥര്‍ അതിനു മുകളില്‍ മുട്ടയിടാന്‍ ഇരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര‍ത്തിലുള്ള മിലിട്ടറി പോസ്റ്റുകളില്‍ ഒന്നാണ് ഇത്.മിക്കവാറും ടിന്നിലടച്ച ഭക്ഷണം , ഇരുപത്തി നാലു മണിക്കൂറും കണ്ണില്‍ കുത്തുന്ന സൂര്യവെളിച്ചം,വിരഹത്തിന്റെ വേദന.ഓക്സിജന്‍ കുറഞ്ഞ വായു,പോരാതെ ഇതും.
വിവരം അറിഞ്ഞപ്പോള്‍ അയഞ്ഞ പൈജാമയുടേയും കുര്‍ത്തയുടേയും മുകളില്‍ കട്ടികുപ്പായമിട്ട് മന്ത്രി തന്നെ പുറപ്പെട്ടു.പോയി തിരിച്ച് വന്നതിനു ശേഷം അന്നു നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവരുടെ കമ്പിളി ഉടുപ്പുകള്‍ തടഞ്ഞു വച്ച ഉദ്യോഗസ്ഥരെ ഒരു മാസത്തേയ്ക്ക് അവിടേക്ക് പറഞ്ഞു വിട്ടു,അവിടത്തെ കാര്യങ്ങള്‍ പഠിക്കാന്‍.അതിന് ശേഷം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ കാലം മുഴുവനും സിയാച്ചിനിലെ പട്ടാളക്കാര്‍ക്ക് സപ്ലേയുടെ കാര്യത്തില്‍ ഒരു മുട്ടും ഉണ്ടായില്ല.

ജീവനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്കിലും പ്രായോഗിക ബുദ്ധിയുള്ള രാഷ്ട്രീയക്കാരും നമുക്ക് ഉണ്ടായിരുന്നു എന്നു പറയുകയാണ് സര്‍.രാഷ്ട്രീയക്കാരെപ്പോലെ മുന്നില്‍ അണികളെ വിട്ട് പിന്നില്‍ നിന്നു പ്രസംഗിക്കയും , അടി വരുമ്പോള്‍ ഓടുകയും ചെയ്യാതെ അനുയായികളെ മുന്‍‌നിരയില്‍ നിന്നും നയിക്കുകയും അവ്ര്ക്കും രാജ്യത്തിനും വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയും ചെയ്യുന്ന സൈനിക ഓഫീസര്‍മാരെ നമുക്ക് വെറുതെ വിടാം. അനുമോദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാം.

വികാരം അടക്കി വിചാരമനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ പഠിപ്പിച്ചിരുന്നെങ്കിലും ഇത്രയും എഴുതിയില്ലെങ്കില്‍ വളര്‍ത്തി വലുതാക്കി സ്വയം ജീവിക്കാന്‍ പ്രാപത്നാക്കിയ സേനയോട് ചെയ്യുന്ന നന്ദികേടാവുമെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.

Soldier, rest! thy warfare o'er,
Dream of fighting fields no more:
Sleep the sleep that knows not breaking,
Morn of toll, nor night of waking.
- Sir Walter Scott

Monday, September 22, 2008

തുഗ്ലക്കിന്റെ നാട്ടിലെ മയിലും പൂച്ചയും

ഒരു ജൂണ്‍ മാസത്തിലാണ് തുഗ്ലക്കിന്റെ നാട്ടില്‍ വന്നിറങ്ങിയത്.അടുത്ത് തന്നെ ആ മഹാന്റെ ശവം അടക്കിയ സ്ഥലവും,കാടും ഒരു വലിയ കോട്ടയും ഉണ്ടായിരുന്നു.ഉയരത്തിലുള്ള ആ ശവകുടീരത്തില്‍ നിന്നും ഊറി വരുന്നത് കുടിക്കുന്ന കിണറ്റിലെ വെള്ളത്തില്‍ കലരുന്നത് കൊണ്ട് കൊണ്ട് പൊതുവെ എയര്‍ഫോഴ്സ് സ്റ്റേഷനിലുള്ള ആളുകള്‍ക്കും ഒരു തുഗ്ലക്ക് എഫെക്റ്റ് ഉണ്ടെന്നാണ് പറയാറുള്ളത്.
ഒരു വര്‍ഷത്തെ ട്രെയിനിങ്ങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ്ങ് ആയിരുന്നു। കൂടെ മലയാളികള്‍ ഉണ്ടായിരുന്നതു കൊണ്ട് വലിയ ബുധ്ധിമുട്ടുണ്ടായിരുന്നില്ല.ആദ്യം താമസിച്ചിരുന്നിടത്ത് വലിയ രസം പോരാത്തത് കൊണ്ട് മറ്റൊരു കൂട്ടുകാരന്‍ രാമകൃഷ്ണന്റെ കൂടെ താമസം മാറ്റി.അവിടെയുള്ള *ബില്ലറ്റിന്റെ കാരണവര്‍ ഒരു വട്ട് വര്‍ക്കിയായിരുന്നു. വര്‍ഷങ്ങളായി പ്രമോഷനൊന്നും കിട്ടാതെ അങ്ങിനെ നഗരത്തിലെ മലയാളി നഴ്സ് ചേച്ചിമാരുമായി സൊള്ളിയും ചീട്ട് കളിച്ചും പിന്നെ ബാക്കിയുള്ള സമയം ജോലി ചെയ്തും ജീവിക്കുന്ന ഒരു ജന്മം.


അടുത്ത കഥാപാത്രം ഒരു കറന്റ്റ് തോമയാണ്.പുള്ളി കറന്റു പോയാല്‍ ആരെയെങ്കിലും വിളിക്കും , ഡാ മക്കളെ ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടു വായോ ! പുതുതായി ട്രെയ്നിങ്ങ് കഴിഞ്ഞ് വരുന്ന ആരെയെങ്കിലുമേ വിളിക്കുകയുള്ളു.പാവം പയ്യന്‍ വെളിച്ചവും കൊണ്ടു വരുമ്പോള്‍ തോമ ഇരുട്ടത്ത് ദിഗംബരനായി നില്‍പ്പുണ്ടാവും . പയ്യന്‍സ് അയ്യൊ എന്നു പറഞ്ഞ് ഓടുമ്പോള്‍‌ തോമ പൊട്ടിച്ചിരിക്കും , റാഗ്ഗിങ്ങ് പോലെ ഒരു നിരുപദ്രവകരമായ തമാശ , അത്രയെയുള്ളു.

കൃസ്ത്‌മസിന്റെ തലേദിവസം റം തലക്ക് കയറി വിളയാടിത്തുടങ്ങിയപ്പോള്‍ എന്തെങ്കിലും ഒരു സാഹസിക കൃത്യം ചെയ്യണമെന്നു തോന്നി എല്ലാവര്‍ക്കും. അവസാനം കോട്ടയുടെ അടുത്ത് പോയി മയിലിനെ വെടി വെക്കാന്‍ പ്ലാന്‍ ഇട്ടു.ആരുടെയെങ്കിലും പ്രൈവറ്റ് റൈഫിള്‍ സംഘടിപ്പിച്ച്,സെക്യുരിറ്റി ഗേറ്റ് കടന്നു , മയിലിനെ കൊന്നു കഷ്ണങ്ങളാക്കി , തിരിച്ചു സെക്യൂരിറ്റി ഗേറ്റിലൂടെ യാത്ര.സംഗതി അല്പം സാഹസികം തന്നെ.പക്ഷെ,പ്ലാനിടുന്നത് ഒളിഞ്ഞ് നിന്നു കേള്‍ക്കുകയെന്നല്ലാതെ നമുക്ക്(പുതിയതായി വന്ന എനിക്കും രാമകൃഷ്ണനും കൊടകരക്കാരന്‍ ജോര്‍ജ്ജ് ലാസറിനും) ഓപ്പറേഷന്‍ സ്റ്റേജില്‍ പാര്‍ട്ടുകള്‍ ഒന്നുമില്ല.കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ വര്‍ക്കിയാശന്‍ സ്ഥിരം ഡയലോഗ് പറയും.

ഡേയ് ! “വെന്‍ ഐ ജോയിന്‍ഡ് സെര്‍വീസ് , യു വേര്‍ ഇന്‍ ലിക്വിഡ് ഫോം “.
നമുക്ക് അന്നു പതിനെട്ട് വയസ്സേ ഉള്ളൂ.വര്‍ക്കിച്ചായന്‍ ഇരുപത് വര്‍ഷം സര്‍വീസായി. സംഗതി ശരിയാണ്,പക്ഷെ നാട്ടുകാരുടെ മുന്നില്‍ വെച്ച് അത് കേള്‍ക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ.

പിറ്റെ ദിവസം കൃസ്ത്‌മസ്സ് . കാലത്ത് ജോലിക്കു പോയപ്പോള്‍ മയില്‍ വലിയ പാത്രത്തില്‍ കിടന്ന് വെട്ടി തിളക്കുന്നു.നല്ല നെയ്യ് മുകളില്‍ ഊറി വരുന്നുണ്ട്.മസാലയുടേയും വറുത്ത സബോളയുടെയും ഗന്ധം അവിടെയെങ്ങും പരക്കുന്നു.വട്ട് വര്‍ക്കി തലയില്‍ ഒരു കെട്ടൊക്കെ കെട്ടി മകളുടേ കല്യാണത്തിനു ഓടി നടക്കുന്ന നാട്ടുകാരണവരുടേ ഗൌരവത്തില്‍ നരച്ച് തുടങ്ങിയ നെഞ്ചിലെ രോമങ്ങളില്‍ തിരുപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നു.ഒരു കയ്യിലെ ഗ്ലാസില്‍ റം.മറു കയ്യില്‍ ദിനേശ് ബീഡി. ഇനി ഏതു കയ്യ് കൊണ്ടാണ് കറി ഇളക്കുന്നത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ മറുപടി എന്താവുമെന്നറിയാവുന്നതു കൊണ്ട് അതു തൊണ്ടയില്‍ തന്നെ എബ്ബൌടേണ്‍ അടിച്ചു.

കറന്റു തോമായെ അവിടെ എങ്ങും കണ്ടില്ല.പാതിരാ കുര്‍ബ്ബാനാ കഴിഞ് എവിടെയെങ്കിലും സൈഡ് ഒതുങ്ങിക്കാണും പഹയര്‍ രണ്ടു പേരും ജോലിക്കു പോകാതെ ഓഫ് എടുത്തിയിരിക്കുകയാണെന്ന് തോന്നുന്നു .


വേഗം വന്നില്ലെങ്കില്‍ മയില്‍ പറന്നു പോകും ട്ടോ. എന്നു പറഞ്ഞു ആശാന്‍ , യാത്രാ മൊഴിയായി.


...................

ജോലി കഴിഞ്ഞ് വന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ ആകെ ചട്ടിയുടെ അടിയില്‍ പെരേഡ് കഴിഞ്ഞ ഗ്രൌണ്ടിലെ പുല്ലു പോലെ കുറച്ച് ഇറച്ചി കഷ്ണങ്ങള്‍ കിടപ്പുണ്ട്.

ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ചെറുതായി പൊന്തിയ പല്ലു കാണിച്ച് രാമകൃഷ്ണന്‍ ഒരു ആക്കിയ പോലെ ചിരി ചിരിച്ചു.


അതു വേഗം കഴിച്ചൊ എന്നിട്ടു ഞാന്‍ ഒരു കാര്യം പറയാം.

കഴിച്ചു , ഇനി പറയ് !


മയില്‍ കറി നല്ല ടേസ്റ്റ് ആയിരുന്നു ട്ടോ .


അതെന്താടോ ഭൂത കാലത്തില്‍ സംസാരിക്കുന്നത് . ഇതിപ്പഴും കഴിഞ്ഞിട്ടില്ലല്ലോ.


അതെ !
മയില്‍ കറി പൂച്ച തട്ടി മറിച്ചിട്ടു।


അപ്പോ ഞാന്‍ കഴിച്ചതോ , നിലത്ത് നിന്നു കോരിയെടുത്തതാവും അല്ലെ.


താന്‍ തോക്കില്‍ കയറാതെ സീനിയേഴ്സ് പറയുന്നത് കേക്ക്.


കൊച്ചിയില്‍ നിന്നും റീക്രൂട്ട്മെന്റ് കഴിഞ്ഞ് ഒരു ദിവസം മുന്‍പ് വണ്ടി കയറിയതാ അവ്ന്റെ സീനിയോറിറ്റി.
എന്നാ പറഞ്ഞ് തുലയ്ക്ക്.

അതിന്റെ വിഷമത്തില്‍ വട്ടും കറന്റും കൂടി ഒന്നരകുപ്പി ഓള്‍ഡ് മങ്ക് തീര്‍ത്തു.


ഉം , എന്നിട്ട് ?

ആ പൂച്ചയെ പിടിച്ചു കൊണ്ടു വരാന്‍ എന്നോട് പറഞ്ഞു.


ഞാന്‍ പൂച്ചയെ പിടിച്ചു കൊണ്ടു കൊടുത്തു.

എന്നിട്ടു കോടതിയിലെ പോലെ ചാര്‍ജ് ഷീറ്റ് ചെയ്തു.
പിന്നെ വിസ്തരിച്ചു.


വട്ടു വര്‍ക്കി ജഡ്ജി,
കറന്റ് തോമാ വാദി ഭാഗം വക്കീല്‍,
ഞാന്‍ പ്രതി ഭാഗം.


താനോ,വിവരമുള്ള ആരെയും കിട്ടിയില്ലെ ? ഉം എന്നിട്ടെന്തായി.


മരിക്കുന്നത് വരെ തൂക്കാന്‍ വിധി.


അയ്യോ.


ദാ മുറ്റത്തുള്ള മാവിന്‍റ്റെ കൊമ്പില്‍ കയറില്‍ തൂക്കി.


എന്നിട്ടെവിടെ കുഴിച്ചിട്ടു ?


എന്തിനാ അവിടെ പോയി കുരിശു വരക്കാനാ ?

രാമകൃഷ്ണന്‍ വീണ്ടും ചിരിച്ചു.
അവ്ന്റെ ആ പൊന്തിയ പല്ല് കാണിച്ചുള്ള ചിരി എനിക്കു ഒരിക്കലും സഹിക്കുന്നുണ്ടായിരുന്നില്ല।എന്നാലും ചോദിച്ചു.


പാപമല്ലെ ചെയ്തത് ?

വട്ട് അതിനു മുന്‍പു റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.


യുദ്ധത്തില്‍ എന്തു ചെയ്യാനും വകുപ്പ് ഉണ്ടത്രേ.


ഉം.


പിന്നെ ഒന്നു കൂടി പറഞ്ഞു.


കൊന്ന പാപം തിന്നാല്‍ തീരുമെന്ന്.


അതിന് സാധനം എവിടെ.


അതാ താന്‍ ഇപ്പോ തിന്നത്.


അയ്യോ !.

പാവം അതല്ല.
പിന്നെ ?

അതു തട്ടിമറിച്ചിട്ട പൂച്ചയായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു।


പിന്നെ ?

അതു പിന്നെ...

പിടിക്കാന്‍‌ എന്നെയല്ലെ ഏല്‍പ്പിച്ചത്

അതിനെ കിട്ടിയില്ലെങ്കില്‍ കൃസ്ത്‌മസ്സായിട്ട് രണ്ടിന്റെയും വായിലിരിക്കണത് മുഴുവന്‍ ഞാന്‍ കേള്‍ക്കണം

എന്നിട്ടു..?

അതിനെ കിട്ടാതായപ്പോള്‍ വേറേ അവിടെ നടന്നിരുന്ന ഒന്നിനെ പിടിച്ചു കൊടുത്തു ഞാന്‍ തല ഊരി.


യൂ റ്റൂ ബ്രൂട്ടസ് !.തനിക്കും തുക്ലക്കിന്റെ എഫെക്റ്റ് തുടങ്ങി അല്ലെ ?.

അവന്‍ പിന്നെയും ചിരിച്ചു,യൂണിഫോമിലുള്ള വലിയ ഫോട്ടൊ നാട്ടില്‍ അയച്ചത് പല്ല് ചില്ലില്‍ തടഞ്ഞിട്ട് വീട്ടുകാര്‍ക്ക് ഫ്രെയിം ചെയ്യാന്‍ പറ്റിയില്ല എന്ന് വട്ടു വര്‍ക്കി പറഞ്ഞ് കളീയാക്കാറുള്ള അതേ പല്ല് കാണിച്ചുള്ള ചിരി.

.........................................

* ആര്‍മി ക്വാട്ടേഴ്സ് പോലെയുള്ള താമസ സ്ഥലത്തിന് എയര്‍ഫോഴ്സിലെ പേര്.